ചൂട്ടുകത്തിച്ച് കോൺഗ്രസ് പ്രതിഷേധം
കിഴുപ്പിള്ളിക്കര: 20 കോടിയോളം രൂപ ചെലവഴിച്ച, താന്ന്യം - എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഴിമാവ് പാലത്തിൽ ഉദ്ഘാടനംകഴിഞ്ഞ് മൂന്നുവർഷം പിന്നിട്ടിട്ടും തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് താന്ന്യം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂട്ടുകത്തിക്കൽ സമരംനടത്തി.
താന്ന്യം, ചാഴൂർ, അന്തിക്കാട് പ്രദേശങ്ങളിൽനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്നതിന് എളുപ്പമാർഗമാണ് അഴിമാവ് പാലം. പാലത്തിൽ വെളിച്ചമില്ലാത്തതിനാൽ രാത്രിയാത്ര ഏറെ ദുഷ്കരമാണ്. പാലത്തിനു സമീപവും അടിവശങ്ങളിലും സാമൂഹികവിരുദ്ധരുടെയും ലഹരിവിൽപനയുടെയും സങ്കേതമാണ്. ഉദ്ഘാടനസമ്മേളനത്തിൽ മൂന്നുമാസത്തിനകം സ്ട്രീറ്റ് ലൈറ്റ് സ്ഥാപക്കാമെന്ന സ്ഥലം എംഎൽഎ നൽകിയ വാഗ്ദാനം ഇതുവരെ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് പാലത്തിനു മുകളിൽ ചൂട്ടുകത്തിക്കൽ സമരം നടത്തിയത്. താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആന്റോ തൊറയൻ ഉദ്ഘാടനംചെയ്തു.
ട്രഷറർ ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ വി.കെ. സുശീലൻ, എം.കെ. ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.എം. ഹബീബുള്ള, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. സജീവ്, പ്രവാസി കോൺഗ്രസ് ജില്ല ട്രഷറർ ഇ.എം. ബഷീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയ് ആന്റണി, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗ്രീന പ്രേമൻ, മണ്ഡലം വൈസ് പ്രസിഡന്റ് മാധവൻ നായർ എന്നിവർ പ്രസംഗിച്ചു.